പാലക്കാട്: മേഘാലയയിൽ നിന്ന് സുഹൃത്തുക്കളുടെ പേരിൽ പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ സാഹസികമായി പിടികൂടി എക്സൈസ് സംഘം. കൊല്ലങ്കോട് സ്വദേശി ജിജിറ്റ്(19) ആണ് പിടിയിലായത്.
പുത്തൂരിലെ വാടകവീട്ടിൽ പ്രതി ഒളിവിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് സംഘം എത്തിയപ്പോൾ ഇയാൾ 20 ഓളം നായ്ക്കളെ അഴിച്ചുവിട്ട് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. എന്നാൽ
നായ്ക്കൾക്ക് ബിസ്ക്കറ്റ് നൽകി ഉദ്യോഗസ്ഥർ അവരെ തന്ത്രപൂർവം കീഴ്പ്പെടുത്തി.
കഴിഞ്ഞ ഫെബ്രുവരി നാലിന് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിലേക്ക് മേഘാലയയിൽ നിന്നും കഞ്ചാവ് പാഴ്സലായി എത്തിയിരുന്നു. ഈ കേസിൽ കൊല്ലങ്കോട് സ്വദേശികളായ ആർ. സഞ്ജയ്, ആർ. രാഹുൽ എന്നിവരെ അന്ന് തന്നെ എക്സൈസ് പിടികൂടിയിരുന്നു.
ചോദ്യം ചെയ്യലിൽ, സുഹൃത്തായ ജിജിറ്റാണ് തങ്ങളുടെ പേരിൽ കഞ്ചാവ് ഓർഡർ ചെയ്തതെന്ന് ഇവർ മൊഴി നൽകി. ഇതോടെ ജിജിറ്റ് ഒളിവിൽ പോവുകയായിരുന്നു.